പ്രളയക്കെടുതിയിൽ ആശ്വാസമായി ഇന്ത്യ; നേപ്പാളിലേക്ക് പ്രതിദിനം 600 മെഗാവാട്ട് വൈദ്യുതി നൽകും
Sep 14, 2026, 22:08 IST
പ്രളയത്തെ തുടർന്ന് കടുത്ത ഊർജ്ജക്ഷാമം നേരിടുന്ന നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. ഈ വർഷാവസാനം വരെ പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി ഇന്ത്യ നേപ്പാളിലേക്ക് വിതരണം ചെയ്യും. 2027 ജനുവരി മുതൽ നൽകേണ്ട വൈദ്യുതിയുടെ അളവ് ഡിസംബറിൽ ഇരുരാജ്യങ്ങളും പുനഃപരിശോധിക്കും.
നേപ്പാളിന്റെ അടിയന്തര ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിനും തീരുമാനം ഉപകരിക്കുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 26-ന് ചൈന-നേപ്പാൾ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെ തുടർന്നുള്ള പ്രളയത്തിൽ നേപ്പാളിൽ കനത്ത നാശനഷ്ടമാണുണ്ടായത്.
പ്രളയത്തിൽ നേപ്പാളിലെ 13 ജലവൈദ്യുത പദ്ധതികൾ പൂർണമായും തകർന്നിരുന്നു. തുടർന്നുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ഇന്ത്യയുടെ ഈ അടിയന്തര ഇടപെടൽ.