ഇന്ത്യൻ പ്രവാസികൾ പാൻകാർഡ് സ്റ്റാറ്റസ് എൻആർഐ ആക്കി മാറ്റണം; ആദായ നികുതി വകുപ്പ്

 

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ തങ്ങളുടെ പാൻ സ്റ്റാറ്റസ് എൻആർഐ ആക്കിമാറ്റണമെന്ന് അറിയിച്ച് ആദായ നികുതി വകുപ്പ് . അടുത്ത ഇൻകം ടാക്സ് റിട്ടേൺ(ഐടിആർ) സമർപ്പിക്കുന്നതിന് മുൻപായി തന്നെ പാൻകാർഡിലെ റസിഡൻസ് സ്റ്റാറ്റസ് എൻആർഐ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

പാൻകാർഡ് നമ്പർ ജീവിതകാലം മുഴുവൻ ഒന്നാണെങ്കിലും, ഒരാൾ പ്രവാസിയാകുന്നതോടെ പാൻ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലും റെസിഡൻഷ്യൽ സ്റ്റാറ്റസിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ നിർദ്ദേശിച്ച അവസാന തീയതിയായിരുന്ന, 2023 ജൂൺ 30 നുള്ളിൽ ലിങ്ക് ചെയ്യാതിരുന്ന പാൻ കാർഡുകൾ 2023 ജൂലൈ 1 മുതൽ ഇൻഓപ്പറേറ്റീവ് അഥവാ നിഷ്‌ക്രിയമായി മാറുകയായിരുന്നു. എന്നാൽ ഇന്ത്യയിലെ ആദായ നികുതി നിയമപ്രകാരം നോൺ റസിഡൻസിക്കാർക്ക് പാൻ ആധാർ ലിങ്കിംങ് നിർബന്ധമല്ല. എന്നാൽ ആദായ നികുതി വകുപ്പിന്റെ ഡാറ്റാബേസിൽ നോൺ റെസിഡന്റ് സ്റ്റാറ്റസ് കൃത്യമായി രേഖപ്പെടുത്താത്തത് മൂലം പല പ്രവാസികളുടെയും പാൻ കാർഡുകൾ ഇൻഓപ്പറേറ്റീവ് ആയി മാറിയിട്ടുണ്ട്.

മുൻപത്തെ മൂന്ന് അസസ്‌മെന്റ് വർഷങ്ങളിൽ ഏതെങ്കിലും ഒന്നിൽ നോൺ റെസിഡന്റ് ആയി ഐടിആർ സമർപ്പിച്ചവരുടെയോ അല്ലെങ്കിൽ ജുരിസ്ഡിക്ഷണൽ അസ്സസിങ് ഓഫീസറെ വിവരമറിയിച്ചവരുടെയോ എൻആർഐ സ്റ്റാറ്റസ് ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽപ്പെടാത്ത ബാധിക്കപ്പെട്ട പ്രവാസികളോട് തങ്ങളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് വിവരങ്ങളും തെളിവുകളും ജെഎഓയ്ക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നികുതി റീഫണ്ടുകളും അതിനുള്ള പലിശയും ലഭിക്കുന്നത് തടയും, ബാങ്ക് ഇടപാടുകൾക്കും വരുമാനങ്ങൾക്കും ഉയർന്ന നിരക്കിൽ ടിഡിഎസ്, ടിസിഎസ് എന്നിവ ഈടാക്കും, ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവയിലെ കെ വൈ സി (KYC) പരിശോധനകൾക്ക് കാലതാമസം ഉണ്ടാവും എന്നിവയെല്ലാം പാൻകാർഡ് ഇൻഓപ്പറേറ്റീവ് ആകുമ്പോൾ ഉണ്ടാകാവുന്ന പ്രതിസന്ധികളാണ്

പാൻകാർഡിലെ സ്റ്റാറ്റസ് മാറ്റുന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ അതാത് വർഷത്തെ നികുതി റസിഡൻസി നിശ്ചയിക്കപ്പെടില്ല. ഓരോ സാമ്പത്തിക വർഷവും ഇന്ത്യയിൽ തങ്ങിയ ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. കൂടാതെ നികുതി വകുപ്പിലെ വിവരങ്ങൾ മാറ്റുന്നത് വഴി ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ സ്വയം മാറില്ല. അതിനായി ബാങ്കുകളിൽ നേരിട്ട് കെവൈസി നൽകേണ്ടതുണ്ട്. പ്രവാസികൾക്ക് ഇൻകം ടാക്‌സ് ഇൻഓപ്പറേറ്റീവ് ആണെങ്കിൽ പോർട്ടലിലെ ' Know Your AO' വഴി അസ്സസിങ് ഓഫീസറെ കണ്ടെത്തി പാസ്‌പോർട്ട് പകർപ്പ്, യുഎഇ വിസ അല്ലെങ്കിൽ എമിറേറ്റ്‌സ് ഐഡി, വിദേശവാസ തെളിവുകൾ എന്നിവ സമർപ്പിച്ച് സ്റ്റാറ്റസ് തിരുത്താവുന്നതാണ്