ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ കമ്പനി ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; സംഭവം മഹാരാഷ്ട്രയിൽ
മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ പെട്രോൾ പമ്പ് സീൽ ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇന്ത്യൻ ഓയിൽ സെയിൽസ് മാനേജരായ മഹേഷ് ഷെൽക്കെയെ (35) കുത്തിക്കൊന്നു. സാങ്കേതിക തടസ്സങ്ങൾ മൂലം മൂന്ന് മാസമായി അടച്ചിട്ടിരുന്ന ചോന്ധിയിലെ പെട്രോൾ പമ്പ് സീൽ ചെയ്യാൻ ചൊവ്വാഴ്ച വൈകുന്നേരമെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ പമ്പ് ഉടമയുടെ മകൻ ഉമേഷ് പാണ്ഡവീർ ആക്രമണം നടത്തുകയായിരുന്നു. സമയം നീട്ടി നൽകണമെന്ന ആവശ്യം ഉദ്യോഗസ്ഥർ നിരസിച്ചതിനെ തുടർന്നുള്ള വാക്കുതർക്കത്തിനിടെ മഹേഷിന് ഏഴ് തവണ കുത്തേറ്റു.
വയറിനും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ മഹേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുറുന്ദ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ഇന്ത്യൻ ഓയിൽ ചെയർമാൻ അർവിന്ദർ സിംഗ് സാഹ്നിയും കടുത്ത ഞെട്ടലും അനുശോചനവും രേഖപ്പെടുത്തുകയും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.