ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു; ബംഗാൾ തിരഞ്ഞെടുപ്പിൽ സജീവമാകും
ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പേസിന്റെ ഈ രാഷ്ട്രീയ മാറ്റം വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.
കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി പേസ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2021-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കായി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന പേസ്, ഇപ്പോൾ അപ്രതീക്ഷിതമായാണ് ബിജെപി പാളയത്തിൽ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും രാജ്യസേവനത്തിനായി ബിജെപിയോടൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപി ശക്തമായ നീക്കങ്ങൾ നടത്തുന്നതിനിടെ പേസിന്റെ വരവ് പാർട്ടിക്ക് വലിയ ഊർജ്ജം നൽകും. ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായി രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കുന്ന രാജ്യസഭാ ഒഴിവുകളിലേക്ക് ലിയാൻഡർ പേസിനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. കായിക മേഖലയിൽ നിന്നുള്ള പ്രമുഖരെ അണിനിരത്തി വോട്ടർമാരെ ആകർഷിക്കാനാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്.