ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് അനുമതി:'ക്യുഡെംഗ' ഉടൻ ലഭ്യമാകും

 

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്‌സിന് അനുമതി ലഭിച്ചു. ജാപ്പനീസ് കമ്പനിയായ ടക്കേഡ ബയോഫാർമസ്യൂട്ടിക്കൽസ് ഇന്ത്യ വികസിപ്പിച്ച ക്യൂഡെങ്ക വാക്‌സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) വിതരണാനുമതി നൽകിയത്.4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകാൻ അനുമതിയുള്ളത്. ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഉൾപ്പെടെയുള്ളവർക്ക് മുൻകൂട്ടിയുള്ള പരിശോധനകളില്ലാതെ തന്നെ ഈ വാക്‌സിൻ സ്വീകരിക്കാം.

2022-ൽ ആഗോളതലത്തിൽ അംഗീകരിച്ച ഈ വാക്സിന് 43 രാജ്യങ്ങളിൽ അനുമതി ലഭിച്ചിട്ടുണ്ട്. 3.2 കോടിയിലധികം ഡോസുകൾ ഇതിനോടകം വിതരണം ചെയ്തതായി ടക്കേഡ അറിയിച്ചു.ഡെങ്കിപ്പനിയുടെ നാല് വകഭേദങ്ങൾക്കെതിരെയും സംരക്ഷണം നൽകാൻ കഴിവുള്ള 'ടെട്രാവാലന്റ്‌റ് ലൈവ്-അറ്റൻവേറ്റഡ്' വാക്‌സിനാണിത്. 0.5 മില്ലിലിറ്റർ വീതമുള്ള രണ്ട് ഡോസുകളായാണ് വാക്‌സിൻ നൽകേണ്ടത്; മൂന്ന് മാസത്തെ ഇടവേളയിൽ ഇവ സ്വീകരിക്കണം.28,000-ത്തിലധികം ആളുകളിൽ നടത്തിയ വിവിധ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാക്‌സിന് അനുമതി ലഭിച്ചത്.