എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
ചെക്ക്- ഇൻ ലഗേജുകൾ ഇല്ലാതെ, ഹാന്റ് ലഗേജ് അഥവാ ക്യാബിൻ ബാഗേജുമായി (Cabin Baggage) മാത്രം യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. 'ഇൻഡിഗോ ലൈറ്റ്' (IndiGo Lite) എന്ന പേരിലാണ് കമ്പനി ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എൻട്രി ലെവൽ ടിക്കറ്റ് നിരക്കുകൾ ഇൻഡിഗോ നിശ്ചയിച്ചിട്ടുള്ളത്. ചെക്ക്-ഇൻ ബാഗേജ് ആവശ്യമില്ലാത്ത യാത്രക്കാർക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടും.
ഇന്ന് മുതൽ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് ഈ നിരക്ക് ബാധകമാകുക. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ നേരിട്ടുള്ള (Non-stop) സർവീസുകൾക്ക് ഈ ഓഫർ ലഭ്യമാകും. വൺ-വേ, റൗണ്ട് ട്രിപ്പ്, മൾട്ടിസിറ്റി യാത്രകൾക്കും ഇത് ബാധകമാകും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ 'ഇൻഡിഗോ ലൈറ്റ്' നിരക്കിൽ ടിക്കറ്റ് എടുക്കാവുന്നതാണ്.
നിലവിൽ 440ലധികം വിമാനങ്ങളാണ് ഇൻഡിഗോക്ക് സ്വന്തമായുള്ളത്. പ്രതിദിനം 2200 ലധികം സർവീസുകളാണ് നടത്തുന്നത്. 45 അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ ഉൾപ്പെടെ ആകെ 141 ഇടങ്ങളിലേക്കാണ് ഇൻഡിഗോ നിലവിൽ സർവീസ് നടത്തുന്നത്. പുതിയ നിരക്കുകൾ സാധാരണക്കാരായ യാത്രികർക്ക് വലിയ രീതിയിൽ ആശ്വാസമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.