ഇന്റിഗോ വിമാനം'എക്‌സിറ്റ് വേ' കടന്ന് മുന്നോട്ട്‌നീങ്ങി; റൺവേയിൽ തടസമുണ്ടാക്കിയതോടെ കെട്ടിവലിച്ച് മാറ്റി

 

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്ത വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് കടക്കേണ്ട എക്‌സിറ്റ് വേ കടന്ന് മുന്നോട്ട് നീങ്ങി. തുടർന്ന് റൺവേയിൽ ഏതാനും മിനിറ്റുകൾ തടസമുണ്ടാക്കിയ വിമാനം അവിടെ നിന്ന് കെട്ടിവലിച്ച് പാർക്കിങ് ബേയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. 

അമൃതസറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന 6ഇ 2221 വിമാനത്തിന്റെ പൈലറ്റിനാണ് അബദ്ധം പറ്റിയത്. കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ച അസാധ്യമായതാണ് സംഭവത്തിന് കാരണമായതെന്ന് ഇന്റിഗോ വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. റൺവേയിൽ നിന്ന് ടാക്‌സിവേയിലേക്ക് കടക്കേണ്ട ഭാഗം കടന്ന് വിമാനം മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ തന്നെ നിർത്തിയിട്ടു. 

പിന്നീട് വാഹനമെത്തിച്ച് വിമാനം കെട്ടിവലിച്ച് പാർക്കിങ് ബേയിലേക്ക് കെട്ടിവലിച്ചു കൊണ്ടുവരികയായിരുന്നു. സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും വലിയ പരിഗണന നൽകുന്നതെന്ന് ഇന്റിഗോ വിമാന കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട് ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.