വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ 3 വർഷം വരെ തടവ്; നിർണായക ഭേദഗതി ബിൽ നാളെ രാജ്യസഭയിൽ

 

വന്ദേമാതരത്തെ അധിക്ഷേപിക്കുന്നവർക്ക് കടുത്ത തടവ് ശിക്ഷ ഉറപ്പാക്കുന്ന സുപ്രധാന ഭേദഗതി ബിൽ കേന്ദ്ര സർക്കാർ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ സഭയിൽ വെക്കുക. 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ അമെന്‍ഡ്മെന്റ് ബില്‍ 2026' (Prevention of Insults to National Honour Amendment Bill 2026) എന്ന പേരിലാണ് പുതിയ നിയമനിർമ്മാണം കൊണ്ടുവരുന്നത്. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ, ഗാനാലാപനത്തിനിടെ ബോധപൂർവ്വം ശല്യമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

നിലവിൽ ദേശീയ ഗാനത്തെ (National Anthem) അപമാനിക്കുന്നവർക്ക് നൽകുന്ന അതേ കടുത്ത ശിക്ഷാ നടപടികൾ തന്നെയാണ് ഇനി വന്ദേമാതരത്തിനും ബാധകമാകുക. നിലവിൽ വന്ദേമാതരത്തെ അപമാനിക്കുന്നതിനെതിരെ പ്രത്യേക നിയമപരമായ ശിക്ഷാ വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബില്ലിന് അന്തിമ അനുമതി നൽകിയതോടെയാണ് ഇത് പാർലമെന്റിലേക്ക് എത്തുന്നത്.

നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഈ ബിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന. ഓഗസ്റ്റ് 13 വരെ 19 ദിവസങ്ങളിലായാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്. വന്ദേമാതരം ഭേദഗതി ബില്ലിന് പുറമെ, വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബിൽ ഉൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കും. അതേസമയം, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡല പുനർനിർണ്ണയം, 130-ാം ഭരണഘടനാ ഭേദഗതി ബിൽ തുടങ്ങിയവ തൽക്കാലത്തേക്ക് സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. പാർലമെന്റിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ പാർട്ടികൾ പങ്കെടുക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല.