എ ആർ റഹ്മാൻ സംഗീതനിശയിൽ സുരക്ഷാ, സംഘടനാ വീഴ്ച; ലൈംഗിക അതിക്രമങ്ങൾ ഉണ്ടായതായും പരാതി, അന്വേഷണം തുടങ്ങി

 
എ.ആർ.റഹ്മാൻ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി അന്വേഷണം ആരംഭിച്ച് തമിഴ്നാട് സർക്കാർ. ചെന്നൈയിൽ സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കിടയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴ‍ഞ്ഞു വീഴുകയും, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അടക്കമുള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് സർക്കാർ അന്വേഷണം ആരംഭിച്ചത്. 
സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്. 20,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമായിരുന്നു സംഗീത പരിപാടി നടത്താൻ തീരുമാനിച്ച സ്ഥലത്തുണ്ടായിരുന്നത്. എന്നാൽ അര ലക്ഷത്തോളം ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ഷോ കാണാനെത്തിയ മലയാളികൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് ആളുകളാണ് സംഘാടനത്തിലെ പോരായ്മകൾ കാരണം ദുരിതത്തിലായത്. 
കൂടാതെ പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. പലർക്കും രണ്ടും മൂന്നും കിലോമീറ്റർ അകലെ വാഹനം പാർക്ക് ചെയ്യേണ്ടി വന്നു. അതേസമയം ആരാധകരുടെ സ്നേഹത്തിനു നന്ദി അറിയിച്ച റഹ്മാൻ ബുദ്ധിമുട്ടുകളിൽ ഖേദം അറിയിക്കുന്നതായും പറഞ്ഞു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വാക്ക് നൽകി.