ഭീഷണി ഉയർത്തി ഛിന്നഗ്രഹപതനം, കൂട്ടവംശനാശത്തിന് കാരണമാവും; രാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കണമെന്ന് എസ്. സോമനാഥ്

 

റഷ്യയിലെ സൈബീരിയയിലെ തുൻഗസ്‌ക വനപ്രദേശത്ത് 1908 ജൂൺ 30-ന് ഒരു വാൽനക്ഷത്രമോ, ആസ്റ്ററോയിഡോ ഭൗമാന്തരീക്ഷത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയുണ്ടായി.12 മെഗാടൺ ശക്തിയുള്ള ആ സ്‌ഫോടനത്തിൽ തുൻഗസ്‌ക വനപ്രദേശത്തെ 2150 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ 8 കോടിയോളം മരങ്ങൾ നിലം പതിച്ചു. സ്‌ഫോടനത്തിന്റെ തരംഗങ്ങളും ഉഷ്ണതരങ്കവും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ഉൽക്കാ പതനത്തിന്റെ ആഘാതം എത്രത്തോളമുണ്ടായേക്കുമെന്നതിന്റെ തെളിവായിരുന്നു ആ സംഭവം.

ഭൂമിയ്ക്കടുത്ത് നിൽകുന്ന ഛിന്നഗ്രഹം അപ്പോഫിസും സമാനമായ ഭീഷണിയാണ് ഉയർത്തുന്നത്. 370 മീറ്റർ വ്യാസമുള്ള അപോഫിസ് ദശാബ്ദങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിച്ചേക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. 2029 ഏപ്രിൽ 13 -ന് അപ്പോഫിസ് ഭൂമിക്കരികിലൂടെ കടന്നുപോവും. പിന്നീട് വീണ്ടും 2036-ൽ. ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ അത് ഭൂമിയിലെ സർവചരാചരങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന് പറയുകയാണ് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്. ന്യൂസ് 18 നോടാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

'70 വയസും 80 വയസും വരെയുള്ള നമ്മുടെ ജീവിത കാലത്ത് നമ്മൾ അത്തരം ഒരു ദുരന്തം കാണാനിടയില്ലാത്തതിനാൽ നമ്മളതിനെ നിസാരമായി കാണുകയാണ്. ലോകത്തിന്റേയും പ്രപഞ്ചത്തിന്റേയും ചരിത്രത്തിൽ ഛിന്നഗ്രഹങ്ങൾ ഗ്രഹങ്ങളോട് അടുക്കുന്നതും അതിന്റെ സ്വാധീനവുമെല്ലാം പതിവായി സംഭവിക്കുന്നതാണ്. വ്യാഴത്തിൽ ഷൂമേക്കർ ലെവി എന്ന വാൽനക്ഷത്രം വന്നിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്തരം ഒരു സംഭവം ഭൂമിയിലുണ്ടായാൽ നമ്മൾക്കെല്ലാം വംശനാശം സംഭവിക്കും.' അദ്ദേഹം പറഞ്ഞു.

'യഥാർത്ഥമായ സാധ്യതകളാണിവ. നമ്മൾ സ്വയം തയ്യാറാവേണ്ടതുണ്ട്. നമ്മുടെ ഭൂമിക്ക് അത് സംഭവിക്കരുത്. മനുഷ്യ വംശവും എല്ലാ ജീവജാലങ്ങളും ഇവിടെ ജീവിക്കണം. ഛിന്നഗ്രഹ പതനത്തെ നമുക്ക് തടയാനായേക്കില്ല. പക്ഷെ പകരം മാർഗങ്ങൾ സ്വീകരിക്കണം. ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുകയെന്ന രീതിയുണ്ട്. ഭൂമിയോടടുക്കുന്ന വസ്തുക്കളെ തിരിച്ചറിയുകയും അവയെ വഴിതിരിച്ചുവിടുകയും വേണം. ചിലപ്പോൾ ആ ശ്രമം പരാജയപ്പെട്ടേക്കാം. അതിനാൽ സാങ്കേതിക വിദ്യ വികസിക്കേണ്ടതുണ്ട്. പ്രവചിക്കാനുള്ള കഴിവുകളും ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള ഭാരമേറിയ ഉപകരണങ്ങൾ ബഹിരാകാശത്തയക്കാനുള്ള കഴിവുകളും ആർജിക്കണം. നിരീക്ഷണം മെച്ചപ്പെടുത്തണം. രാജ്യങ്ങൾ സംയുക്തമായി ഇതിനായി പ്രവർത്തിക്കണം', സോമനാഥ് പറഞ്ഞു.