‘അംഗീകരിക്കാനാകില്ല, അടിയന്തരമായി പിൻവലിക്കണം’; ഇന്ധന വിലവർധനയ്‌ക്കെതിരേ മുഖ്യമന്ത്രി വിജയ്
പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരേ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. വിലവർധന സാധാരണക്കാരുടെ നടുവൊടിക്കുന്നതാണെന്നും തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിവികെ സർക്കാർ അധികാരമേറ്റ ശേഷമുള്ള കേന്ദ്ര നയങ്ങൾക്കെതിരെയുള്ള വിജയ്‌യുടെ ശക്തമായ രാഷ്ട്രീയ പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ച നടപടി പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ചെറുകിട വ്യവസായങ്ങൾക്കും താങ്ങാനാവില്ലെന്ന് വിജയ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ, എണ്ണക്കമ്പനികൾ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നടപ്പിലാക്കിയ ഈ വർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും അടിയന്തരമായി പഴയ വില പുനഃസ്ഥാപിക്കണമെന്നും വിജയ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.