വനിതാ സംവരണ ബില്ല് കേന്ദ്രത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് ആണെന്ന് ജയറാം രമേശ്; സമയമാകുമ്പോൾ പ്രതികരിക്കാമെന്ന് രാഹുൽ ഗാന്ധി

 

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്രത്തിന്റെ 'ഇവന്റ് മാനേജ്‌മെന്റ്' ആണ് വനിതാ സംവരണ ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ കബളിപ്പിക്കലാണിത്. ലോക്‌സഭയില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് പ്രധാന തലക്കെട്ടായി. എന്നാൽ നിയമം എന്ന് പ്രാബല്യത്തില്‍ വരുമെന്നത് സംബന്ധിച്ച് കൃത്യതയില്ലെന്ന് ജയറാം രമേശ് എക്‌സിൽ കുറിച്ചു.

"കോടിക്കണക്കിന് ഇന്ത്യന്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടെ പ്രതിക്ഷയ്ക്ക് മേലുള്ള വഞ്ചനയാണിത്. നമ്മള്‍ നേരത്തെ സൂചിപ്പിച്ചത് പോലെ 2021 ലെ സെന്‍സസ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. സെന്‍സസ് സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ജി20യിലെ ഏക രാജ്യമാണ് ഇന്ത്യ. അടുത്ത സെന്‍സസ് പ്രസിദ്ധീകരിച്ചതിനും, അതിനു ശേഷമുള്ള അതിര്‍ത്തി നിര്‍ണയത്തിനും ശേഷം മാത്രമേ സംവരണം പ്രാബല്യത്തില്‍ വരികയുള്ളൂവെന്ന് ബില്ലില്‍ പറയുന്നുണ്ട്. 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് സെന്‍സസും അതിര്‍ത്തി നിര്‍ണയവും നടത്തുമോ? എന്ന് നടപ്പിലാക്കും എന്നതില്‍ അവ്യക്തത നിലനിര്‍ത്തിയാണ് വനിതാ സംവരണ ബില്‍ ഇന്ന് പ്രധാന തലക്കെട്ടാകുന്നത്"- ജയറാം രമേശ് കുറിച്ചു.
അതേസമയം വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘സമയമാകട്ടെ’ എന്നായിരുന്നു കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നൽകിയ മറുപടി. "ബില്ലിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും, ശരിയായ സമയം വരുന്നതുവരെ അതിനെക്കുറിച്ച് പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ഇന്ന് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭയില്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, അംഗങ്ങള്‍ക്ക് ബില്ലിന്റെ ഹാര്‍ഡ് കോപ്പി നല്‍കാത്തതിലും പ്രതിഷേധിച്ചു. ലോക്‌സഭ പിരിഞ്ഞതിനാൽ നാളെയായിരിക്കും ബില്ലിന്‍മേലുള്ള ചര്‍ച്ച.