'ജനനായകൻ' ചോർച്ച: ആറുപേർ അറസ്റ്റിൽ; 300-ഓളം പൈറസി ലിങ്കുകൾ നീക്കം ചെയ്തു

 

ദളപതി വിജയ് ചിത്രം 'ജനനായകൻ' ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ ആറുപേരെ തമിഴ്‌നാട് സൈബർ ക്രൈം വിങ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ പരാതിയെത്തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൈറസി തടയുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ മുന്നൂറോളം ലിങ്കുകൾ ഇതിനോടകം ഇന്റർനെറ്റിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമുകളിൽ സിനിമ അപ്‌ലോഡ് ചെയ്തശേഷം സോഷ്യൽ മീഡിയ വഴി ലിങ്കുകൾ പ്രചരിപ്പിക്കുകയായിരുന്നു പ്രതികളുടെ രീതി. അറസ്റ്റിലായവരിൽനിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് പിടിച്ചെടുത്തു. നിർമ്മാതാക്കളുടെ പരാതിയിൽ 21 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട്, പകർപ്പവകാശ നിയമം എന്നിവ പ്രകാരമാണ് നടപടി. സിനിമ ഓൺലൈനിൽ പ്രചരിക്കുന്നത് ബോക്സോഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിരുന്നു.

സിനിമ ചോർന്നതിൽ സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന് (CBFC) പങ്കുണ്ടെന്ന ആരോപണം ബോർഡ് തള്ളി. പാസ്‌വേഡ് ഉപയോഗിച്ച് മാത്രം തുറക്കാവുന്ന അതീവ സുരക്ഷിതമായ 'കീ ഡെലിവറി മെസേജ്' സംവിധാനം വഴിയാണ് സിനിമകൾ കൈകാര്യം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. പൈറസിക്കെതിരെ വിജയ് ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ ചോർന്ന വഴി കണ്ടെത്താൻ സൈബർ വിങ്ങിന്റെ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.