ജന്തർ മന്തർ മാർച്ച്: സി.ജെ.പി നേതാക്കൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി പിൻവലിച്ചു

 

കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി പിൻവലിച്ചു. കോടതിയുടെ നിർദേശപ്രകാരമാണ് നേതാക്കൾ ഹർജി പിൻവലിച്ചത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സി.ജെ.പി വാദിച്ചെങ്കിലും പ്രതികൾ ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചതായി ഡൽഹി പോലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി.

മുൻപ് നൽകിയ പ്രത്യേക സമാധാന ബോണ്ടിലെ വ്യവസ്ഥകൾ ഇരുവരും ലംഘിച്ചതിനാൽ റിട്ട് ഹർജിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജി പിൻവലിച്ചതിനെ തുടർന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുൻപാകെ പുതിയ ജാമ്യാപേക്ഷ സമർപ്പിക്കും. സാങ്കേതിക തടസ്സങ്ങളില്ലെങ്കിൽ പുതിയ സമാധാന ബോണ്ടിൽ ഒപ്പിട്ട ശേഷം ഇവർക്ക് ജാമ്യം ലഭിച്ചേക്കും.

പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജന്തർ മന്തറിലേക്ക് കടന്നുകയറിയതിനാണ് ഒക്ടോബർ 13-ന് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമിച്ചുകടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന ബോണ്ട് ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.