ജന്തർ മന്തർ പ്രതിഷേധം: സി.ജെ.പി സ്ഥാപകൻ അഭീജിത്ത് ദീപ്കെ കസ്റ്റഡിയിൽ

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി സി.ജെ.പി സ്ഥാപകൻ അഭീജിത്ത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ വിമാനത്തിനുള്ളിൽവെച്ചായിരുന്നു നടപടി.

പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇൻഫ്‌ലുവൻസറുമായ ധ്രുവ് റാഠിയെയും നേരത്തെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാവിലെ ഏഴരയോടെ ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽനിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

അതിനിടെ, കേരള ഹൗസിന് മുന്നിൽ മാർച്ച് നടത്താനൊരുങ്ങിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് എം.പി. തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിലേക്ക് മടങ്ങണമെന്നാണ് നേതാക്കൾക്ക് പൊലീസ് നൽകിയ നിർദേശം.

പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. പ്രതിഷേധത്തിന് മുന്നോടിയായുള്ള പൊലീസ് നടപടികൾ തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.