ജന്തർ മന്തർ പ്രതിഷേധം: വനിതാ മാധ്യമപ്രവർത്തകയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

 

ജന്തർ മന്തറിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി എസിപി വിവേക് ഭഗത് ലൈംഗിക അതിക്രമവും കയ്യേറ്റവും നടത്തിയെന്നാരോപിച്ച വനിതാ മാധ്യമപ്രവർത്തകയെ ഡൽഹി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. വിവേക് ഭഗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും പാർലമെന്റ് പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കുന്നതിനിടെയായിരുന്നു നടപടി. പ്രതിഷേധിച്ച 18 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.

ഒക്ടോബർ മൂന്നാം തീയതി ജന്തർ മന്ദറിലെ പ്രതിഷേധത്തിനിടെയാണ് പോലീസുകാരിൽനിന്ന് ലൈംഗിക അതിക്രമമുണ്ടായെന്ന് മൂന്ന് വനിതാമാധ്യമപ്രവർത്തകർ പരാതി ഉന്നയിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.

ഞായറാഴ്ചയും പരാതിക്കാരിയായ മാധ്യമപ്രവർത്തകയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിലെടുത്തു. അതേസമയം, പരാതിയിൽ ഡൽഹി പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. പരാതിക്കാരുടെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്.