'ജന്തര്‍ മന്തര്‍ ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകും': പ്രകാശ് രാജ്

 

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ സിജെപി നേതാക്കളെ റിമാൻഡ് ചെയ്ത നടപടിയിൽ നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രമുഖ നടൻ പ്രകാശ് രാജ്. ഡൽഹിയിലെ സമാധാനം നശിപ്പിക്കാനല്ല, മറിച്ച് കുറച്ചു കുട്ടികൾ മാത്രമാണ് അവിടെ സമാധാനപരമായി പ്രതിഷേധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിൽ അവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത് രാജ്യത്തെ ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപി അനുകൂലികൾ നടത്തുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരും അമിത് ഷായും ഇതിൽ ലജ്ജിക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ സർക്കാർ എന്തിനാണ് ഇടയിൽ വരുന്നതെന്ന് ചോദിച്ച അദ്ദേഹം, കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും മോദിക്കും അമിത് ഷായ്ക്കും സ്വന്തം കസേര പോകുമെന്ന ഭയമാണെന്നും വ്യക്തമാക്കി. "ജന്തര്‍ മന്തര്‍ ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകും" എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഗ്യാനേഷ് കുമാറിന് രാജി വെക്കേണ്ടി വരുമെന്നും ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ രാജ്യത്താകമാനം ഉയർന്നു വരുമെന്നും മുന്നറിയിപ്പ് നൽകി.

സ്വന്തം സൈന്യത്തെയും പൊലീസിനെയും രാജ്യത്തെ യുവാക്കൾക്കെതിരെ പ്രയോഗിച്ച ഭരണാധികാരിയാണ് മോദിയെന്നും, ലോകം മുഴുവൻ അദ്ദേഹത്തെ പരിഹരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. 'ചെറുപ്പകാലത്ത് മുതലയെ പിടിച്ചയാൾക്ക് പാറ്റകളെ പേടിയോ' എന്ന് ചോദിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ ഭീഷണികളെ വകവെയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.