ജെ.സി.ഡി പ്രഭാകർ തമിഴ്‌നാട് നിയമസഭാ സ്പീക്കർ; എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ; വിജയ് സർക്കാർ ഭരണ നടപടികളിലേക്ക്

 

തമിഴ്നാട് നിയമസഭയുടെ സ്പീക്കറായി തമിഴക വെട്രി കഴകം (TVK) നേതാവ് ജെ.സി.ഡി. പ്രഭാകറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഇദ്ദേഹം, ഡിഎംകെയുടെ ഡോ. എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്. പ്രോ-ടെം സ്പീക്കർ എം.വി. കറുപ്പയ്യയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവർ ചേർന്നാണ് പുതിയ സ്പീക്കറെ ആസനത്തിലേക്ക് ആനയിച്ചത്. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ടിവികെ എംഎൽഎ എം. രവിശങ്കറിനെ ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുത്തു.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള 73-കാരനായ ജെ.സി.ഡി. പ്രഭാകർ നേരത്തെ എഐഎഡിഎംകെ നേതാവായിരുന്നു. പിന്നീട് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തോടെ ടിവികെയിൽ ചേർന്ന അദ്ദേഹം പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിലും സംഘടനാ രൂപീകരണത്തിലും നിർണ്ണായക പങ്ക് വഹിച്ചു. പുതുമുഖങ്ങളാൽ സമ്പന്നമായ ടിവികെയുടെ നിയമസഭാ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അനുഭവപരിചയമുള്ള ഒരാൾ വേണമെന്ന മുഖ്യമന്ത്രി വിജയ്‌യുടെ കൃത്യമായ കണക്കുകൂട്ടലാണ് ഈ നിയമനത്തിന് പിന്നിൽ.

ഭരണപരമായ കാര്യങ്ങളിലും നിയമസഭാ നടപടിക്രമങ്ങളിലും ആഴത്തിലുള്ള അറിവുള്ള പ്രഭാകറിനെ സ്പീക്കർ സ്ഥാനത്തെത്തിച്ചതിലൂടെ, യുവാക്കൾക്കൊപ്പം തന്നെ മുതിർന്ന നേതാക്കൾക്കും പാർട്ടിയിൽ അർഹമായ പരിഗണനയുണ്ടെന്ന സന്ദേശമാണ് ടിവികെ നൽകുന്നത്. മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിൽ കൂടി വ്യക്തമായ തീരുമാനമെടുത്തതോടെ വിജയ് സർക്കാർ പൂർണ്ണമായും ഭരണ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.