ജെഎംബി ബന്ധമുള്ള ഭീകര ഗൂഢാലോചന കേസ്;കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

 

ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (ജെഎംബി) പോഷക സംഘടനയായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി ബന്ധപ്പെട്ട ഭീകര ഗൂഢാലോചനാ കേസിൽ ദേശീയ അന്വേഷണ ഏജൻസി വ്യാപക പരിശോധന നടത്തി. അസം, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിലെ 16 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നത്. അസമിലെ പത്ത്, പശ്ചിമ ബംഗാളിലെ അഞ്ച്, കേരളത്തിലെ ഒരു കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഇന്ത്യയിൽ സംഘടനയുടെ ശൃംഖല വ്യാപിപ്പിക്കാനും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും ശ്രമിച്ചെന്ന കേസിലാണ് നടപടി. കേസിൽ 11 പേർക്കെതിരെ ഗുവാഹത്തി പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, യുഎപിഎ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.

ജെഎംബിയുടെ പ്രവർത്തനം ഇന്ത്യയിൽ വ്യാപിപ്പിക്കാൻ മുതിർന്ന അംഗമായ ഇമാം മഹ്‌മൂദ് ഹബീബുള്ളയാണ് ഐഎംകെ രൂപീകരിച്ചതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പശ്ചിമ ബംഗാൾ, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘടനയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എൻഐഎ പറയുന്നു. രഹസ്യ യോഗങ്ങൾ, പഠന ക്ലാസുകൾ, ലഘുലേഖകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ആശയപ്രചാരണം നടത്തിയതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.

അന്വേഷണത്തിനിടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ രേഖകളും കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. അസമിലെ ഐ.എം.കെ പ്രവർത്തനങ്ങളുടെ പ്രധാന സൂത്രധാരൻ നസീമുദ്ദീനാണെന്നും ത്രിപുരയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജാഗീർ മിയയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയും സംഘടനയുടെ വ്യാപക ശൃംഖല കണ്ടെത്തുകയുമാണ് നിലവിലെ പരിശോധനകളുടെ ലക്ഷ്യം.