ജോസഫ് വിജയ് മന്ത്രിസഭ വിപുലീകരിച്ചു; 23 പുതിയ മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

 

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന സർക്കാരിൽ 23 പുതിയ മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽനിന്ന് 2 പേരുമാണ് മന്ത്രിമാരായി ചുമതലയേറ്റത്.വ്യാഴാഴ്ച ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സർക്കാർ രൂപീകരിച്ചതിന് പിന്നാലെ മേയ് 10ന് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ 9 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് മന്ത്രിസഭവിപുലീകരിച്ചത്.

സർക്കാരിന് പിന്തുണ നൽകുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും ടിവികെ മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിരുന്നു. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് വിജയ് സർക്കാരിലെ കോൺഗ്രസ് മന്ത്രിമാർ. അഞ്ചുപതിറ്റാണ്ടിനുശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിമാരുണ്ടാകുന്നത്.

ശ്രീനാഥ്, എസ്. കാമാലി, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത്കുമാർ, വിനോദ്, രാജീവ്, ബി. രാജ്കുമാർ, വി. ഗാന്ധിരാജ്, പി. മഥൻരാജ, കെ. ജഗദീശ്വരി, എം. വിജയ് ബാലാജി, ലോകേഷ് തമിഴ്‌സെൽവൻ, എ. വിജയ് തമിഴൻ പാർത്ഥിപൻ, രമേശ്, ആർ. കുമാർ, കെ. തെന്നരശ്, വി. സമ്പത്ത് കുമാർ, ജെ. മുഹമ്മദ് ഫർവാസ്, ഡി. ശരത്കുമാർ, എൻ. മേരി വിൽസൺ, കെ. വിസ്‌നേഷ് എന്നിവരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത ടിവികെ മന്ത്രിമാർ.

കോൺഗ്രസിന് പുറമേ സർക്കാരിനെ പിന്തുണയ്ക്കുന്ന മുസ്ലിംലീഗിനും വിസികെയ്ക്കും മുഖ്യമന്ത്രി ജോസഫ് വിജയ് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിട്ടുണ്ട്. എന്നാൽ, ഇരുപാർട്ടികളും ആരെ മന്ത്രിയാക്കണമെന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വൈകാതെ ലീഗിന്റെയും വിസികെയുടെയും അംഗങ്ങളും മന്ത്രിസഭയുടെ ഭാഗമാകും.

ആകെ 234 നിയമസഭാംഗങ്ങളുള്ള തമിഴ്നാട്ടിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിൽ 36 അംഗങ്ങൾ വരെയാകാം. നിലവിൽ മുഖ്യമന്ത്രിയും 32 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. ഇനി മൂന്ന് മന്ത്രിമാർക്ക് കൂടി അവസരമുണ്ട്. ഇതിൽ ലീഗും വിസികെയും മന്ത്രിമാരെ തീരുമാനിച്ചാൽ മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 35 ആകും.