സിനിമാ പ്രതിസന്ധിയിൽ മുഖ്യമന്ത്രി വിജയിയുടെ ഇടപെടൽ തേടി കമൽഹാസൻ; തമിഴ്‌നാട്ടിൽ നിർണ്ണായക കൂടിക്കാഴ്ച
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ നേരിൽ കണ്ട് ചലച്ചിത്ര ലോകത്തെ പ്രതിസന്ധികൾ ചർച്ച ചെയ്ത് നടനും രാഷ്‌ട്രീയ നേതാവുമായ കമൽഹാസൻ. ചെന്നൈയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് ആശംസകൾ അറിയിച്ച ഉലകനായകൻ, അദ്ദേഹത്തിന് ഒരു പുസ്തകം സമ്മാനിക്കുകയും തമിഴ് സിനിമാ വ്യവസായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കമൽഹാസൻ തന്റെ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് തമിഴ് ചലച്ചിത്ര മേഖല കടന്നുപോകുന്നതെന്നും ഇതിൽ തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണമായ പിന്തുണയും കരുതലും ആവശ്യമാണെന്നും കമൽഹാസൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സിനിമാ വ്യവസായത്തിന്റെ പുരോഗതിക്കായുള്ള ആറ് പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് അദ്ദേഹം വിജയിക്ക് കൈമാറിയത്. തമിഴ്‌നാടിന്റെ വികസനത്തിനായുള്ള വലിയ സ്വപ്നങ്ങളെക്കുറിച്ച് വിജയ് ആവേശത്തോടെ സംസാരിച്ചെന്നും അദ്ദേഹത്തിന്റെ എളിമയും സ്നേഹവും തന്നെ അത്ഭുതപ്പെടുത്തിയെന്നും കമൽഹാസൻ കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ, അധികാരമേറ്റതിന് പിന്നാലെ തമിഴ്‌നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള മുഖ്യമന്ത്രി വിജയിയുടെ ചരിത്രപരമായ തീരുമാനത്തെ കമൽഹാസൻ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പരസ്യമായി അഭിനന്ദിച്ചിരുന്നു. വിജയിയെ ഇനി വെറുമൊരു സിനിമാതാരമായി മാത്രം കാണരുതെന്നും അദ്ദേഹത്തിന് ജനങ്ങളോട് വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും കമൽഹാസൻ ഓർമ്മിപ്പിച്ചു. സിനിമയിൽ നിന്നുള്ള ഒരാൾ ജനവിശ്വാസം നേടി സംസ്ഥാനത്തിന്റെ അധികാരത്തിലെത്തിയത് ചലച്ചിത്ര ലോകത്തിന് ഒന്നടങ്കം അഭിമാനകരമാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.