‘അദ്ഭുതകരമായ ആശയം; വാഗ്ദാനം ചെയ്യുന്നു, നടപ്പാക്കുന്നു’: മോദിയെ പുകഴ്ത്തി നടിമാർ

 

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് ബോളിവുഡിലെ വനിതാ താരങ്ങൾ. സ്ത്രീകളുടെ ഉന്നമനത്തിനുള്ള സുപ്രധാന ചുവടുവയ്പാണെന്നു നടിമാരായ കങ്കണ റണൗട്ടും ഇഷ ഗുപ്തയും അഭിപ്രായപ്പെട്ടു.

‘‘ഇത് അദ്ഭുതകരമായ ഒരാശയമാണ്. ബഹുമാന്യമായ പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ സർക്കാർ, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള മോദിയുടെ ചിന്തകൾ തുടങ്ങിയവയാണ് ഇവയ്ക്കെല്ലാം കാരണം’’– വാർത്താ ഏജൻസിയായ എഎൻഐയോടു കങ്കണ പറഞ്ഞു.

‘‘മോദി ചെയ്തതു നല്ല കാര്യമാണ്. പുരോഗമനമായ ചിന്തയാണിത്. ഈ ബിൽ സ്ത്രീകൾക്കു തുല്യശക്തി നൽകുന്നു. രാജ്യത്തെ സംബന്ധിച്ചു വലിയ ചുവടുവയ്പാണ്. മോദി വാഗ്ദാനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു’’– ഇഷ ഗുപ്ത അഭിപ്രായപ്പെട്ടു. പുതിയ പാർലമെന്റിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിനു സാക്ഷികളാകാൻ എത്തിയതായിരുന്നു കങ്കണയും ഇഷയും.

വനിതാ സംവരണം പുത്തൻ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചു.