എണ്ണക്കമ്പനികൾക്കെതിരെ കർണാടക സർക്കാർ നടപടി കടുപ്പിക്കുന്നു; ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് വീണ്ടും കത്തയച്ച് കേരളം

 

എഥനോൾ വിവാദത്തിൽ എണ്ണക്കമ്പനികൾക്കെതിരെ കർണാടക സർക്കാർ നടപടി കടുപ്പിക്കുന്നു. ബെംഗളൂരുവിലെ ദേവനഗൊന്തിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ടെർമിനലിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ E20 പെട്രോളിൽ നിശ്ചിത അളവിലും കൂടുതൽ എഥനോൾ കലർത്തിയതായി കണ്ടെത്തി.

3,000 ലിറ്റർ പെട്രോളിൽ 14 ലിറ്റർ അധിക എഥനോൾ കലർത്തിയതിനും അളവിൽ ക്രമക്കേട് നടത്തിയതിനും ലീഗൽ മെട്രോളജി വകുപ്പ് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാനും രേഖകൾ ഹാജരാക്കാനുമാണ് നിർദേശം.

അതേസമയം, പെട്രോൾ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ താരതമ്യ പഠനത്തിനായി ശുദ്ധമായ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം മൂന്നാം തവണയും എണ്ണക്കമ്പനികൾക്ക് കത്തയച്ചു. കമ്പനികൾ നിസ്സഹകരണം തുടരുന്ന സാഹചര്യത്തിൽ ഡിസംബർ ആദ്യ ആഴ്ച വരെ കാത്തിരുന്ന ശേഷം പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. ശുദ്ധമായ പെട്രോൾ ലഭ്യമാക്കുന്നതിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പമ്പ് ഉടമകളുടെ സംഘടന കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.