18 വയസ്സിനു മുകളിലുള്ള വനിതകൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി: റജിസ്‌ട്രേഷൻ ഉടനെന്ന് കേജ്രിവാൾ

 

18 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയുടെ റജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന്  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ ദിവസം മന്ത്രി അതിഷി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് വനിതകൾക്ക് മാസംതോറും സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. 

സർക്കാരിന്റെ പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാത്തവർ, സർക്കാർ ജീവനക്കാരല്ലാത്തവർ, ആദായ നികുതി നൽകേണ്ടാത്തവർ എന്നിവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഡൽഹിയിലെ വോട്ടർ പട്ടികയിൽ പേരുണ്ടാവണം. അർഹതയുള്ളവർ അപേക്ഷാ ഫോമിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകണം. 

പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ റജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവരം തേടി ഒട്ടേറെ വനിതകൾ ഫോൺ ചെയ്തതായി പറഞ്ഞ മുഖ്യമന്ത്രി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ വരുമെന്നതിനാൽ തിരഞ്ഞെടുപ്പിനു ശേഷമാവും വനിതകൾക്കുള്ള തുകയുടെ വിതരണം ആരംഭിക്കുക. പദ്ധതി വഴിയുള്ള തുകയുടെ വിതരണം സെപ്റ്റംബറിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അതിഷിയും പറഞ്ഞു. നേരത്തേ വനിതകൾക്ക് ബസിൽ സൗജന്യ യാത്ര ഒരുക്കിയിരുന്നു.