കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ചു; സൗരവ് ദാസ് മുഖ്യവക്താവ്
കോക്രോച്ച് ജനതാ പാർട്ടി (CJP) തങ്ങളുടെ മൂന്ന് ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ചു. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ സൗരവ് ദാസിനെ മുഖ്യവക്താവായി നിയമിച്ചു. രാഷ്ട്രീയ ഗവേഷകനും ചലച്ചിത്ര പ്രവർത്തകനുമായ വിജേത ദഹിയ, മുൻ മാനേജ്‌മെന്റ് കൺസൾട്ടന്റ് അഷുതോഷ് രംഗ എന്നിവരാണ് മറ്റ് ഔദ്യോഗിക പ്രതിനിധികൾ. പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കുക, മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും സംവദിക്കുക എന്നിവയാണ് ഈ മൂന്നംഗ സംഘത്തിന്റെ പ്രധാന ഉത്തരവാദിത്തം.
പൊതുജീവിതത്തിലേക്ക് പുതുതലമുറയെ കൊണ്ടുവരുന്നതിനും, യുവാക്കളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ രാഷ്ട്രീയ അഭിപ്രായം വ്യക്തമാക്കുന്നതിനുമാണ് ഈ നിയമനങ്ങളെന്ന് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. പരീക്ഷകൾ, ഭരണം, പൊതു ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ സജീവമാകാനാണ് പാർട്ടിയുടെ പുതിയ നീക്കം. പ്രമുഖർ പാർട്ടിയിൽ ചേരുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദീപ്കേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വക്താക്കളുടെ പശ്ചാത്തലം ചുരുക്കത്തിൽ:
- സൗരവ് ദാസ്: 2020 മുതൽ മാധ്യമപ്രവർത്തന രംഗത്തുണ്ട്. നിയമ-സാമൂഹ്യ പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് ദ കാരവൻ, അൽ ജസീറ, ദ ഹിന്ദു, ദ വയർ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- അഷുതോഷ് രംഗ: രാജസ്ഥാനിലെ ജയ്പൂർ സ്വദേശി. ഐ.ഐ.ടി കാൺപൂരിൽ നിന്ന് ബി.ടെകും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. നിലവിൽ മുഴുവൻ സമയ രാഷ്ട്രീയക്കാരനാണ്.
- വിജേത ദഹിയ: സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞ് ശ്രദ്ധേയൻ. 'പവർ ഓഫ് യൂണിവേഴ്സ്', 'ടു ഹെൽ വിത്ത് ദാറ്റ് ജോബ്' എന്നീ രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.