കുൽഗാം ഏറ്റുമുട്ടൽ: ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ട് ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ട് ഉൾപ്പെടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. നവംബർ 11ന് കുൽഗാമിലെ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. ഉമർ എന്നയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കുൽഗാമിലെ ലാരൂ മേഖലയിലാണ് തിങ്കളാഴ്ച ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. തുടർന്നാണ് ഇരുവരെയും വധിച്ചത്.
നവംബർ 11നാണ് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള അഖ്റാൻ മേഖലയിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമായിരുന്നു. വെടിവെപ്പിന് പിന്നാലെ ഭീകരർ വനമേഖലയിലേക്ക് കടന്നുകളഞ്ഞു. ഇവർക്കായി സുരക്ഷാസേന വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു.
ഇതിനിടെ കുൽഗാം ആക്രമണത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാറിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. ബാബി ചന്ദ്, യശ്പാൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ദക്ഷിണ കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കെയാണ് ലഷ്കർ ഭീകരന്റെ വധം. കശ്മീരിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാസേന ജാഗ്രതയും തിരച്ചിൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്.