കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു, യാത്രയ്ക്ക് കർശന നിയന്ത്രണം
Sep 14, 2026, 13:20 IST
ഉത്തരാഖണ്ഡിലെ പ്രമുഖ തീർഥാടന കേന്ദ്രമായ കേദാർനാഥിൽ ഉണ്ടായ മണ്ണിടിച്ചിലിൽ തീർഥാടകൻ മരിച്ചു. കേദാർനാഥിലെ ചീർബാസ ഹെലിപ്പാഡിന് സമീപമാണ് അപകടം. മഴയും മണ്ണിടിച്ചിലും ശക്തമായതിനെ തുടർന്ന് തീർഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കെയാണ് അപകടമുണ്ടായത്.
ഉക്കിമഠ് സ്വദേശി മദൻ മോഹൻ തിവാരി (65) ആണ് മരിച്ചത്. മലയിൽ നിന്ന് താഴേക്ക് പതിച്ച കൂറ്റൻ പാറക്കല്ലുകൾക്കിടയിൽ അകപ്പെട്ടാണ് മരണം. സംഭവത്തെ തുടർന്ന് കേദാർനാഥിലേക്കുള്ള തീർഥാടകർ യാത്ര തുടരരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. സോനപ്രയാഗിലോ ഗൗരികുണ്ഡിലോ തുടരാനാണ് നിർദേശം.
കേദാർനാഥിൽ നിന്ന് മടങ്ങുന്ന തീർഥാടകർ ജാനകി ചട്ടിയിൽ യാത്ര നിർത്തിവയ്ക്കണമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ആരും യാത്ര പുനരാരംഭിക്കരുതെന്നും നിർദേശമുണ്ട്.