ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; 1700ഓളം വാഹനങ്ങൾ കുടുങ്ങി

 

ജമ്മു കശ്മീരിലെ ഉദ്ദംപൂർ ജില്ലയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇതേ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. ഉദ്ദംപൂരിലെ ദേവലിൽ തിങ്കളാഴ്ച പുലർച്ചെയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.

ഗതാഗതം തടസപ്പെട്ടതോടെ 1700ഓളം ട്രക്കുകളും മറ്റു വാഹനങ്ങളും ഉദ്ദംപൂരിനും ബനിഹാളിലും ഇടയിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡിലെ തടസം നീക്കുന്നതുവരെ ജമ്മുവിൽ നിന്ന് ശ്രീനഗർ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാത പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

അതിനിടെ, മേഖലയിലെ പുൾ ദോഡ പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് പാലം താൽക്കാലികമായി അടച്ചു. ഞായറാഴ്ച രാത്രിയാണ് പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മുൻകരുതൽ നടപടിയായി പാലം അടച്ചതെന്ന് അധികൃതർ അറിയിച്ചു