നാഗാലാൻഡിൽ ഉരുൾപൊട്ടലും മിന്നൽപ്രളയവും; നാല് മരണം, എട്ടുപേരെ കാണാതായി

 

നാഗാലാൻഡിലെ മോൺ ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും നാല് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ പെയ്ത അതിശക്തമായ മഴയെ തുടർന്നാണ് ദുരന്തമുണ്ടായത്. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകരുകയും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു.

നിലവിൽ എട്ടുപേരെ കാണാതായതായി അധികൃതർ അറിയിച്ചു. ഇവരിൽ കുട്ടികളും ഉൾപ്പെടുന്നു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മോൺ ഡെപ്യൂട്ടി കമ്മീഷണർ വെന്യീ കൊന്യാക് അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ സേന, നാഗാലാൻഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, പോലീസ്, അസം റൈഫിൾസ് എന്നിവർ പ്രാദേശിക കൂട്ടായ്മകളുമായി ചേർന്ന് പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.