ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാത്തതിനാൽ കഴിഞ്ഞ വർഷം യാത്ര മുടങ്ങിയത് 3.39 കോടി പേർക്ക്

 

ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമ്പോഴും ടിക്കറ്റ് സ്ഥിരീകരിക്കപ്പെടാത്തതിനെ തുടർന്ന് (Waitlist non-confirmation) യാത്ര ഉപേക്ഷിക്കേണ്ടി വരുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. 2025-26 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം വരെയുള്ള കണക്കുകൾ പ്രകാരം 3.39 കോടി യാത്രക്കാർക്കാണ് വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാത്തതിനാൽ യാത്ര ചെയ്യാൻ കഴിയാതെ പോയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

ഭോപ്പാൽ സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗർ നൽകിയ അപേക്ഷയ്ക്ക് റെയിൽവേ മന്ത്രാലയം നൽകിയ മറുപടിയിലാണ് യാത്രക്കാരുടെ ഈ ദുരിതപർവ്വം വ്യക്തമാകുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് മുൻപുള്ള ചാർട്ട് തയ്യാറാക്കുമ്പോഴും സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിൽ അവ സ്വയമേവ റദ്ദാക്കപ്പെടും. ഇത്തരത്തിൽ യാത്ര നിഷേധിക്കപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും ക്രമാതീതമായി കൂടുകയാണ്.