ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയിൽ നിന്നൊഴിവാക്കില്ല; ഉത്തരവ് പിൻവലിച്ച് വിജയ് സർക്കാർ

 

തമിഴ്‌നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ (ആർ.ടി.ഐ) നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ച് വിജയ് സർക്കാർ. പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിവരാവകാശ പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാരിന്റെ അടിയന്തര പിന്മാറ്റം. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗമാണെന്ന് ചൂണ്ടിക്കാട്ടി 2005-ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു തമിഴ്‌നാട് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് വകുപ്പ് ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.

ഉത്തരവ് നടപ്പിലായിരുന്നെങ്കിൽ ജാതി-വർഗീയ സംഘർഷങ്ങൾ, പോലീസ് കസ്റ്റഡി മരണങ്ങൾ, വെടിവെയ്പ്പുകളിലെ അന്വേഷണ റിപ്പോർട്ടുകൾ, പോലീസ് പീഡനങ്ങൾ, രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കൽ തുടങ്ങിയ നിർണായക വിവരങ്ങൾ പൊതുജനങ്ങൾക്ക് ആർ.ടി.ഐ വഴി ലഭിക്കില്ലായിരുന്നു. ആഭ്യന്തര സുരക്ഷയും അന്വേഷണങ്ങളിലെ രഹസ്യാത്മകതയും ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളിലും പോലീസ് നടപടികളിലും സുതാര്യതയും ഉത്തരവാദിത്തവും ഇല്ലാതാക്കാൻ ഇത് കാരണമാകുമെന്ന് വ്യക്തമാക്കി വിവരാവകാശ പ്രവർത്തകർ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യാപക വിമർശനമുയർന്നതോടെയാണ് സർക്കാർ ഉത്തരവ് പിൻവലിക്കാൻ നിർബന്ധിതരായത്.