ബിജെപിയിൽ ചേർന്ന ലിയാൻഡർ പെയ്സിന് 'എക്സ്' കാറ്റഗറി സുരക്ഷ; ബംഗാളിൽ സ്റ്റാർ കാമ്പെയ്‌നർ

 

ടെന്നീസ് ഇതിഹാസം ലിയാൻഡർ പെയ്സ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'എക്സ്' കാറ്റഗറി (X Category) സുരക്ഷ അനുവദിച്ചു. സിഐഎസ്എഫ് (CISF) ഉദ്യോഗസ്ഥരെയാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടികയിലും പെയ്സ് ഇടംപിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്കൊപ്പം മിഥുൻ ചക്രവർത്തി, കങ്കണ റണാവത്ത് തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങുക.

ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ച പെയ്സ്, ഇത് വെറുമൊരു ചടങ്ങല്ലെന്നും രാജ്യത്തെ സേവിക്കാനുള്ള വലിയൊരു ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. ബംഗാളിൽ ജനിച്ച തനിക്ക് ഒളിമ്പ്യന്മാരുടെ കുടുംബ പാരമ്പര്യമാണുള്ളതെന്നും യുവജന ക്ഷേമത്തിലും കായിക മേഖലയിലൂടെയുള്ള രാഷ്ട്ര നിർമ്മാണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ ഇതിലും മെച്ചപ്പെട്ട ഭരണം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി (TMC) സഹകരിച്ചാണ് ലിയാൻഡർ പെയ്സ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ടിഎംസിക്കായി അദ്ദേഹം സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. എന്നാൽ മോദി സർക്കാരിലുള്ള വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാൾ രാഷ്ട്രീയത്തിൽ പെയ്സിന്റെ കടന്നുവരവ് ബിജെപിക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.