സജീവ രാഷ്ട്രീയം വിടുന്നു? 'എക്സ്' ബയോയിൽ നിന്ന് ബിജെപി ഒഴിവാക്കി ഷെഹ്‌സാദ് പൂനാവാല; രാജി അഭ്യൂഹം ശക്തം

 

ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിലെ' (X) തന്റെ പ്രൊഫൈൽ ബയോയിൽ നിന്ന് ബിജെപിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തതോടെ താരം പാർട്ടി വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായി. വ്യക്തിപരമായ കാരണങ്ങളാൽ താരം പാർട്ടിയുടെ മുൻനിര സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ബിജെപിയോ പൂനാവാലയോ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

"മതം: ഇസ്ലാം, സംസ്കാരം: ഹിന്ദു, ആശയസംഹിത: ഭാരതീയം, ജിഎസ് ടി കി യാത്രയുടെ രചയിതാവ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുഗാമി" എന്നിങ്ങനെയാണ് പൂനാവാല തന്റെ ബയോ പുതുക്കിയിരിക്കുന്നത്. ബയോയിൽ നിന്ന് ബിജെപി ദേശീയ വക്താവ് എന്ന പേര് നീക്കിയെങ്കിലും പ്രധാനമന്ത്രിയോടുള്ള പിന്തുണ അദ്ദേഹം തുടർന്നും വ്യക്തമാക്കിയിട്ടുണ്ട്.

താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചില പഴയ അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകൾ അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ എക്സിൽ വീണ്ടും പങ്കുവെച്ചിരുന്നു. ജനസേവനത്തിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല വഴിയെന്നും സമൂഹത്തിന് മറ്റ് രീതികളിലും സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം വീഡിയോകളിൽ പറയുന്നുണ്ട്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയം അവസാനിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കാരണമാണ് തീരുമാനം നീണ്ടുപോയതെന്നും അദ്ദേഹം കുറിച്ചു.

2017-ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ പരസ്യ നിലപാടെടുത്ത് പാർട്ടി വിട്ട പൂനാവാല, പിന്നീട് ബിജെപിയിൽ ചേരുകയും പാർട്ടിയുടെ പ്രധാന ദേശീയ വക്താവായി മാറുകയുമായിരുന്നു.