ലോക്സഭാ തെരഞ്ഞെടുപ്പ്; ​ഗംഭീറിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹയും മത്സരിക്കാനില്ലെന്ന് അറിയിച്ചു 

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ജയന്ത് സിൻഹ. ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. ആയതിനാൽ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും സിൻഹ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയോട് ആവശ്യപ്പെട്ടു. ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുള്ള എംപിയാണ് സിൻഹ.

സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഗൗതം ഗംഭീർ അറിയിച്ച് മണിക്കൂറുകൾ പിന്നീടും മുന്നേയാണ് ജയന്ത് സിൻഹയുടെയും പ്രഖ്യാപനം. “ഭാരതത്തിലെയും ലോകമെമ്പാടുമുള്ള ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ജെ.പി നദ്ദയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളിൽ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും”-സിൻഹ പറഞ്ഞു.