'തമിഴ് രാഷ്ട്രീയത്തിലെ പുതിയ മാറ്റത്തിനായി കാത്തിരിക്കുന്നു'; വിജയ്‌യെ അഭിനന്ദിച്ച് വിജയ് ദേവരകൊണ്ട

 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച വിജയ്‌യെ അഭിനന്ദിച്ച് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തെയും പുതിയ മുഖത്തെയും കാണാൻ താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാനും കൃത്യമായ നിലപാടെടുക്കാനും തമിഴ്നാട്ടിലെ ജനങ്ങൾ കാണിച്ച ആർജ്ജവത്തിന് തന്റെ ആദരവും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്നും വിജയ് ദേവരകൊണ്ട ആശംസിച്ചു.

വിജയ് ദേവരകൊണ്ടയെ കൂടാതെ സിനിമാ ലോകത്തെ നിരവധി പ്രമുഖർ വിജയ്‌യ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. കാജൽ അഗർവാൾ, അജു വർഗീസ്, നാനി, വിക്രം, വരലക്ഷ്മി ശരത്കുമാർ, ഹേമാമാലിനി, റോണി ഡേവിഡ് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അഭിനന്ദനങ്ങൾ അറിയിച്ചു.