അമിതഭാരം കയറ്റിവന്ന ലോറി ബൊലേറോയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, വിഡിയോ
ഉത്തർപ്രദേശിലെ റാംപുർ ജില്ലയിൽ അമിതഭാരം കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബൊലേറോയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ബൊലേറോ ഡ്രൈവറാണ് മരിച്ചത്. നൈനിറ്റാൾ ദേശീയപാതയിൽ പഹാഡി ഗേറ്റിന് സമീപമാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
ഉമി കയറ്റിയ ലോറി ഡിവൈഡറിലിടിച്ച ശേഷം സമീപത്തുണ്ടായിരുന്ന ബൊലേറോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ബൊലേറോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽപ്പെട്ട ബൊലേറോ ഉത്തർപ്രദേശ് സർക്കാരിന്റേതാണെന്ന് സംശയമുണ്ട്; വാഹനത്തിന് മുകളിൽ 'ഉത്തർപ്രദേശ് സർക്കാർ' എന്ന് രേഖപ്പെടുത്തിയിരുന്നു.
ബൊലേറോ യൂടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നാലെ വന്ന ലോറി നിയന്ത്രണം വിട്ട് വാഹനത്തിന് മുകളിലേക്ക് മറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. റാംപുർ പോലീസ് സൂപ്രണ്ട് വിദ്യാസാഗർ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡ്രൈവറുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.