മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ജനഹിതമായി കാണുന്നില്ല, ഗൗതം അദാനി തെരഞ്ഞെടുപ്പ് വിലക്ക് വാങ്ങി; ശിവസേന ഉദ്ധവ് വിഭാഗം
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന്റെ മിന്നും ജയത്തിൽ സംശയം പ്രകടിപ്പിച്ച് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്നും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലം മാഹാരാഷ്ട്രയിലെ ജനഹിതമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ എല്ലാ എംഎൽഎമാരും എങ്ങനെ വിജയിക്കും.
മഹാരാഷ്ട്രയെ വഞ്ചിച്ച അജിത് പവാറിന് എങ്ങനെ വിജയിക്കാൻ കഴിയും. ബിജെപി പാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കോടീശ്വരൻ ഗൗതം അദാനി തെരഞ്ഞെടുപ്പ് വിലക്കു വാങ്ങി. അമേരിക്കയിൽ അദാനി കുഴപ്പത്തിലാണ്. തെരഞ്ഞെടുപ്പിൽ ധാരാളം പണം ഉപയോഗിച്ചുവെന്നും റാവത്ത് ആരോപിച്ചു.
സാധാരണ ഗതിയിൽ ഷിൻഡെയ്ക്ക് 60 സീറ്റും അജിത് പവാറിന് 40 സീറ്റും ബിജെപിക്ക് 125 സീറ്റും ലഭിക്കാൻ സാധ്യതയുണ്ടോ. ഞങ്ങൾക്ക് മഹാരാഷ്ട്രയിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ. ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളിൽ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും മുന്നേറി. ഇതോടെ ലോക്സഭയിലേറ്റ തിരിച്ചടിയുടെ നാണക്കേടും മാറ്റാനായി. ഷിൻഡേ ശിവസേന മത്സരിക്കുന്ന 81ൽ 55ലും അജിത് പവാറിൻ്റെ എൻസിപി 59ൽ 38ലും മുന്നിലാണ്.