ഹൈദരാബാദിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു; വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് പ്രാഥമിക നിഗമനം
ഹൈദരാബാദിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിനിയായ മലയാളി യുവതി മരിച്ചു. 32-കാരിയായ ശീതൾ പുരുഷോത്തമനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഹൈദരാബാദിലെ കുക്കട്പള്ളി ഹൗസിംഗ് ബോർഡ് കോളനിയിലെ ആറാം ഫേസിലുള്ള പഞ്ചവടി അപ്പാർട്ട്മെന്റിലാണ് ശീതൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കുട്ടികൾ അപ്പാർട്ട്മെന്റിന്റെ കവാടത്തിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് യുവതി താഴെ കിടക്കുന്നത് കണ്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അപ്പാർട്ട്മെന്റിലെ പ്രധാന കവാടത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ യുവതി കുറെക്കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.