ബിരിയാണിക്കൊപ്പം കൂടുതൽ തൈര് ചോദിച്ചു; യുവാവിനെ തല്ലിക്കൊന്നു

 

ബിരിയാണിയ്‌ക്കൊപ്പം കൂടുതൽ തൈര് ചോദിച്ച സംഘർഷത്തിൽ പരിക്കേറ്റ 32 കാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ പഞ്ചഗുട്ടയിൽ സ്ഥിതി ചെയ്യുന്ന മെറിഡിയൻ ബിരിയാണി റസ്‌റ്റോറന്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഞായറാഴ്ച മദ്യലഹരിയിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ മുഹമ്മദ് ലിയാഖത്ത് എന്ന യുവാവാണ് റസ്‌റ്റോറന്റ് ജീവനക്കാരുമായുളള തർക്കത്തിൽ കൊല്ലപ്പെട്ടത്. ബിരിയാണി ഓർഡർ ചെയ്ത ലിയാഖത്ത് കൂടുതൽ തൈര് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവനക്കാർ തൈര് നൽകാൻ വിസമ്മതിച്ചതാണ് തർക്കത്തിന് കാരണമായത്.

ഇതിനെ തുടർന്ന് റസ്‌റ്റോറന്റ് മാനേജർ ഉൾപ്പടെ അഞ്ച് ജീവനക്കാരാണ് യുവാവിനെ ആക്രമിച്ചത്. പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. സംഘർഷത്തിൽ ലിയാഖത്തിനെയും മറ്റ് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ സ്റ്റേഷനിൽ വച്ച് ലിയാഖത്തിന് ശ്വാസതടസം നേരിടുകയും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സംഘർഷം തടയാൻ സാധിക്കാത്ത രണ്ട് പൊലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട് എന്നും പൊലീസ് ഓഫീസറായ ബി ദുർഗാ റാവു പറഞ്ഞു. പ്രതികളുടെ ആക്രമണത്തിൽ ശ്വാസതടസം നേരിട്ടാണ് ലിയാഖത്തിന്റെ മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.