മരിച്ചെന്നുകരുതി അക്രമികൾ ജീവനോടെ കുഴിച്ചുമൂടി; യുവാവിനെ തെരുവുനായ്ക്കൾ രക്ഷിച്ചു

 

ആഗ്രയിൽ മരിച്ചെന്നുകരുതി അക്രമികൾ ജീവനോടെ കുഴിച്ചുമൂടിയ യുവാവിനെ തെരുവുനായ്ക്കൾ രക്ഷിച്ചു. അർട്ടോണി സ്വദേശിയായ രൂപ് കിഷോറാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് നാലുപേർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചതെന്നാണ് രൂപ് കിഷോർ പറയുന്നത്. ഇക്കഴിഞ്ഞ ജൂലായ് പതിനെട്ടിനായിരുന്നു സംഭവം. മർദ്ദിച്ച് അവശനാക്കിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ട് വീണതോടെ മരിച്ചുവെന്ന് കരുതി തൊട്ടടുത്തുളള കൃഷിയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് രൂപ് കിഷോർ പറയുന്നത്.

എന്നാൽ മണംപിടിച്ചെത്തിയ തെരുവുനായ്ക്കളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നാണ് രൂപ് കിഷോർ പറയുന്നത്. മാംസത്തിനുവേണ്ടി കുഴിമാന്തിയ നായ്ക്കൾ അയാളുടെ മാംസം കടിച്ചുകീറുകയും ചെയ്തു. കടിയേറ്റപ്പോഴാണ് തനിക്ക് ബോധം തിരികെ കിട്ടിയതെന്നും അങ്ങനെയാണ് രക്ഷപ്പെട്ടതെന്നും അയാൾ പറയുന്നുണ്ട്. വളരെ പാടുപെട്ടാണ് നായ്ക്കളെ ആട്ടിയകറ്റിയത്. ബോധം തിരിച്ചുകിട്ടിയതോടെ ഏറെ കഷ്ടപ്പെട്ട് തൊട്ടടുത്ത ഗ്രാമത്തിലെത്തി അവിടെയുള്ളവരോട് വിവരം പറയുകയായിരുന്നു. അവരാണ് ആശുപത്രിയിൽ എത്തിച്ചതും പൊലീസിനെ വിവരമറിയിച്ചതും. അക്രമികൾ മകനെ വീട്ടിൽനിന്ന് ബലംപ്രയോഗിച്ച് കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് രൂപ് കിഷോറിന്റെ അമ്മ പറയുന്നത്. പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അങ്കിത്, ഗൗരവ്, കരൺ, ആകാശ് എന്നിവരാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.