ട്രക്കിങ്ങിനിടെ താഴ്ചയിലേക്ക് തള്ളി യുവാവിനെ കൊലപ്പെടുത്തി; പ്രതിശ്രുത വധുവും കാമുകനും പിടിയിൽ
ട്രെക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ്. പുണെ സ്വദേശിയായ കേതൻ വിശാൽ അഗർവാളിന്റെ (26) മരണം അപകടമല്ലെന്നും പ്രതിശ്രുതവധുവും കാമുകനും ചേർന്ന് നടത്തിയ കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി. പുണെയിലെ പ്രസിദ്ധമായ ലോഹാഗഡ് കോട്ടയിൽ വെച്ചായിരുന്നു സംഭവം. അടുത്ത മാസമായിരുന്നു കേതന്റെയും പ്രതിശ്രുതവധു സിയ ഗോയലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.
ജൂൺ 19-ന് സിയയുടെ ജന്മദിനാഘോഷങ്ങൾക്കും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനുമായാണ് കേതനും സിയയും സുഹൃത്തുക്കൾക്കൊപ്പം ലോഹാഗഡിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ ശക്തമായ കാറ്റിൽ ബാലൻസ് തെറ്റി കേതൻ 350 അടിയോളം താഴ്ചയിലേക്ക് വീണെന്നായിരുന്നു സിയ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, പരിചയസമ്പന്നനായ ട്രെക്കറായ കേതന്റെ മരണത്തിൽ കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. സിയയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചേതൻ ചൗധരി എന്നയാളുമായുള്ള പ്രണയബന്ധം പൊലീസ് കണ്ടെത്തി.
വീട്ടുകാർ ഉറപ്പിച്ച വിവാഹം മുടക്കാനാണ് കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിയ പൊലീസിനോട് സമ്മതിച്ചു. ഇതിനായി മുൻപും രണ്ടുതവണ ഇവർ ലോഹഗഡ് സന്ദർശിച്ച് പദ്ധതികൾ തയാറാക്കിയിരുന്നു. വിവാഹശേഷമുള്ള ഹണിമൂൺ യാത്ര മുടക്കാനായി സ്വന്തം പാസ്‌പോർട്ട് സിയ തന്നെ കീറിയെറിഞ്ഞിരുന്നതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കസ്റ്റഡിയിൽ വാങ്ങിയതായി പുണെ റൂറൽ പൊലീസ് അറിയിച്ചു.