എയർ ഇന്ത്യ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന

 

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദേശം. പൈലറ്റുമാർ അനുവദനീയമല്ലാത്ത ഏതെങ്കിലും പദാർഥങ്ങളോ മരുന്നുകളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഇതുസംബന്ധിച്ച് പൈലറ്റുമാർക്ക് കമ്പനി ഇമെയിൽ അയച്ചു.

എയർ ഇന്ത്യയുടെ ഗുഡ്ഗാവിലെ കേന്ദ്രത്തിൽ പരിശീലനത്തിനെത്തുന്ന പൈലറ്റുമാർക്ക് അവിടെവച്ചുതന്നെ പരിശോധന നടത്തും. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്കും ഡൽഹിക്ക് പുറത്തുള്ളവർക്കും അവർ ഇറങ്ങുന്ന നഗരങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ പരിശോധന നടത്തും.

സുരക്ഷയുടേയും പ്രൊഫഷണലിസത്തിന്‍റെയും ഉയർന്ന നിലവാരം പുലർത്തുന്നതിനും യാത്രക്കാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും പൂർണ ആശ്വാസം നൽകുന്നതിനുമുള്ള ഞങ്ങളുടെ ഉറച്ച തീരുമാനത്തെയാണ് പ്രതിഫലിപ്പിക്കുന്നത് ഇമെയിലിൽ പറയുന്നു.

ഓഗസ്റ്റ് നാലിന് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ പുതിയ നടപടി.