വീട്ടുപടിക്കലെ ബഹളം ചോദ്യം ചെയ്ത മണിപ്പൂരി സംഗീതജ്ഞൻ ഡൽഹിയിൽ മർദ്ദനമേറ്റു മരിച്ചു; എട്ടുപേർ പിടിയിൽ
വീടിന് പുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തിൽപ്പെട്ട പ്രമുഖ സംഗീതജ്ഞൻ ചോങ്താം വിക്രം സിങ് (54) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ തെക്കൻ ഡൽഹിയിലെ കിലോകാരി ഗ്രാമത്തിലായിരുന്നു സംഭവം. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരുമടങ്ങുന്ന ഏഴുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ഒരാൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായത്.
വർഷങ്ങളായി കിലോകാരി ഗ്രാമത്തിൽ താമസിക്കുന്ന വിക്രം സിങ്ങിനെ നാട്ടുകാർ ചേർന്ന് കൂട്ടംചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നേരിടുന്ന വംശീയ അധിക്ഷേപങ്ങളിൽ പ്രവാസി മണിപ്പൂരി സമൂഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വിക്രം സിങ്ങിന്റെ നിര്യാണത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ്ങും മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും അനുശോചനം രേഖപ്പെടുത്തി. മണിപ്പൂരിന്റെ സാംസ്കാരിക ജീവിതത്തിനും സംഗീത മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.