ഐ.എസ്.ആർ.ഒയിൽ കൂട്ടരാജി ; 120ഓളം ശാസ്ത്രജ്ഞർ രാജിവെച്ചതായി വിവരം
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയിൽ കൂട്ടരാജി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 120ഓളം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും രാജി സമർപ്പിച്ചതായാണ് വിവരം.
ഇതിനിടെ, നിർണായക പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി ഉടൻ സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഗഗൻയാൻ, മറ്റു പ്രധാന പ്രോജക്റ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗ്രൂപ്പ് എയിൽ വരുന്ന ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ്ഗധരുടെയും രാജി കത്തോ സ്വമേധയാ വിരമിക്കാനുള്ള അപേക്ഷയോ സ്വീകരിക്കേണ്ടെന്നും. ഇത്തരം എല്ലാ അപേക്ഷകളും ബഹിരാകാശ വകുപ്പിന് കൈമാറണമെന്നുമാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലാണ് ഏറ്റവും കൂടുതൽ പേർ രാജിവെച്ചതെന്നാണ് റിപ്പോർട്ട്. ഇവിടെ 80ഓളം പേരും, തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ 20ഓളം പേരും രാജി സമർപ്പിച്ചതായാണ് വിവരം.
അതേസമയം, ഐ.എസ്.ആർ.ഒയിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടെന്ന് ചെയർമാൻ വി. നാരായണ സ്ഥിരീകരിച്ചു. എന്നാൽ ഇത്തരം സാഹചര്യം നേരിടാൻ ഐ.എസ്.ആർ.ഒ സജ്ജമാണെന്നും, വിവിധ സ്ഥാപനങ്ങളിൽ സ്വാഭാവികമായി ഇത്തരം മാറ്റങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.കൂട്ടരാജിക്ക് പിന്നിലെ യഥാർഥ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.