പ്രധാനമന്ത്രി രാജസ്ഥാനിൽ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻതീപ്പിടിത്തം
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയിൽ വൻ തീപിടിത്തം. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലാണ് (CDU) തീ പടർന്നത്. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും (HPCL) രാജസ്ഥാൻ സർക്കാരിന്റെയും സംയുക്ത സംരംഭമായ ഈ പദ്ധതി ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ കോംപ്ലക്സാണ്. 2013-ൽ സോണിയ ഗാന്ധി ശിലാസ്ഥാപനം നടത്തിയ പദ്ധതി, പിന്നീട് 2018-ൽ പ്രധാനമന്ത്രി മോദിയാണ് പുതുക്കിയ ചെലവോടെ പുനരാരംഭിച്ചത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിലും ഈ റിഫൈനറി നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ധനോത്പാദനത്തിന് പുറമെ പ്ലാസ്റ്റിക്, കാർഷിക പൈപ്പുകൾ, ഓട്ടോമൊബൈൽ ഘടകങ്ങൾ തുടങ്ങിയ വിവിധ വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും ഇവിടെ നിന്ന് ലഭ്യമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നാളെ ഉദ്ഘാടനം നടക്കാനിരിക്കെ ഉണ്ടായ ഈ അപകടം സുരക്ഷാ വീഴ്ചയാണോ എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. തീപിടിത്തത്തെത്തുടർന്ന് പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടിയിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.