തീപിടിത്തം: വാരാണസി റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഏരിയയിൽ 200 വാഹനങ്ങൾ കത്തിനശിച്ചു

 

ഉത്തർപ്രദേശിലെ വാരാണസിയിലെ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം. 200ലേറെ വാഹനങ്ങൾ കത്തിനശിച്ചു.  ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

ഉടൻ തന്നെ അഗ്നിശമന സേന, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്താകെ വൻ പുകയും മൂടൽമഞ്ഞും പടർന്നു. 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഗവൺമെന്‍റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), പൊലീസ് സംഘം എന്നിങ്ങനെ സംയുക്തമായാണ് തീയണച്ചത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം റെയിൽവെ അധികൃതർ പറഞ്ഞത്. പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് കത്തിനശിച്ചത്. അന്വേഷണം നടത്തുകയാണെന്ന് ജിആർപി ഉദ്യോഗസ്ഥനായ കൻവർ ബഹദൂർ സിംഗ് പറഞ്ഞു. സംഭവത്തിൽ കത്തിനശിച്ച ഇരുചക്ര വാഹനങ്ങളിൽ ഭൂരിഭാഗവും റെയിൽവേ ജീവനക്കാരുടേതാണെന്നും അധികൃതർ പറഞ്ഞു.

താൻ രാത്രി 12 മണിയോടെയാണ് ബൈക്ക് പാർക്ക് ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി 11 മണിയോടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും പ്രശ്നം പരിഹരിച്ചെന്നും ഒരു യാത്രക്കാരൻ തന്നോട് പറഞ്ഞെന്ന് അദ്ദേഹം പറയുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം തീ പടരുന്നതാണ് കണ്ടതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷമാണ് തീ അണച്ചതെന്ന് അധികൃതർ അറിയിച്ചു.