തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ നീക്കം; എഐഎഡിഎംകെ പിളർന്നു; ഷണ്മുഖം പക്ഷം വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും നാടകീയമായ വഴിത്തിരിവ്. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയിൽ (AIADMK) വൻ പിളർപ്പ്. മുതിർന്ന നേതാവ് സി.വി. ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എംഎൽഎമാർ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ടിവികെ (TVK) സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. തുടർച്ചയായുണ്ടായ തോൽവികളിൽ നിന്ന് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഷണ്മുഖം വ്യക്തമാക്കി. ഇന്ന് ഷണ്മുഖവും സംഘവും മുഖ്യമന്ത്രി വിജയ്‌യെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കും.
പാർട്ടിയുടെ ഭാവിയെക്കുറിച്ച് ഗൗരവമായ ചർച്ചകൾ ആവശ്യമാണെന്നും നിലവിലെ നേതൃത്വത്തിന്റെ നിലപാടുകളിൽ അതൃപ്തിയുണ്ടെന്നും ഷണ്മുഖം പറഞ്ഞു. വിജയ് സർക്കാരിനെ തടയാൻ എടപ്പാടി പളനിസാമി ഡിഎംകെയുമായി സഖ്യത്തിന് ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ 53 വർഷമായി ഡിഎംകെയ്ക്ക് എതിരെ നിലകൊള്ളുന്ന പാർട്ടിയാണ് എഐഎഡിഎംകെ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയെ പിളർത്താൻ തനിക്ക് ഉദ്ദേശമില്ലെന്നും എന്നാൽ വിജയപഥത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നൽകാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് വിജയിന്റെ ടിവികെ അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷത്തിനായി കോൺഗ്രസ് (5), ഇടതുപാർട്ടികൾ (4), വിസികെ (2) എന്നിവർ പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണമുറപ്പിക്കാൻ വിജയിക്ക് സാധിച്ചിരുന്നു. ഷണ്മുഖം പക്ഷം കൂടി പിന്തുണ അറിയിച്ചതോടെ നിയമസഭയിൽ വിജയ് സർക്കാരിന്റെ അടിത്തറ കൂടുതൽ ഭദ്രമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ എഐഎഡിഎംകെ നേതാക്കൾ ഈ പാളയത്തിലെത്തുമെന്നാണ് സൂചന.