സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ വൻ തിരിച്ചടി; പഞ്ചാബിൽ രണ്ട് ആം ആദ്മി എം.എൽ.എമാർ രാജിവെച്ചു

 

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തകൃതിയായി പുരോഗമിക്കവേ ആം ആദ്മി പാർട്ടിക്ക് (AAP) വൻ തിരിച്ചടിയായി രണ്ട് മുതിർന്ന എം.എൽ.എമാരുടെ രാജി. മുൻ മന്ത്രി ചേതൻ സിങ് ജൗരമജ്ര (സമാന), ഹർമീത് സിങ് പത്തൻമജ്ര (സനൂർ) എന്നിവരാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 40 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പാർട്ടി പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും അപ്രതീക്ഷിത പുറത്തുപോക്ക്.

ആദ്യ പട്ടികയിൽ ഇടംപിടിക്കാത്തതിനെ തുടർന്നാണ് രാജിയെന്നാണ് സൂചന. രാജി അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്തൻമജ്ര എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന് രാജികത്ത് നൽകുകയായിരുന്നു. എന്നാൽ എ.എ.പി പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ അമൻ അറോറയ്ക്കാണ് ചേതൻ സിങ് ജൗരമജ്ര രാജി കൈമാറിയത്. പഞ്ചാബിലെ നിലവിലെ സാഹചര്യങ്ങൾ വേദനാജനകമാണെന്നും പാർട്ടിയിൽ തുടർന്നുപോകാൻ താൽപ്പര്യമില്ലെന്നും ജൗരമജ്ര പ്രതികരിച്ചു.

നേരത്തെ തന്നെ ഇരു മണ്ഡലങ്ങളിലും പുതിയ മണ്ഡലം ചുമതലക്കാരെ പാർട്ടി നിയോഗിച്ചിരുന്നതിനാൽ ഇരുവർക്കും വീണ്ടും ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മുൻപ് സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരുന്ന ജൗരമജ്രയുടെയും, വ്യക്തിപരമായ വിവാദങ്ങളിൽ പെട്ട് കേസ് നേരിട്ടിരുന്ന പത്തൻമജ്രയുടെയും രാജി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ആം ആദ്മി പാർട്ടിക്ക് പഞ്ചാബിൽ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.