മെഡിക്കൽ സഹായമെത്തി; ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദിയെന്ന് ഇറാൻ

 

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് സഹായഹസ്തവുമായി ഇന്ത്യ. മരുന്നുകളും അത്യാവശ്യ മെഡിക്കൽ സാമഗ്രികളും അടങ്ങിയ ഇന്ത്യയുടെ ആദ്യഘട്ട മെഡിക്കൽ സഹായം ബുധനാഴ്ച ഇറാനിലെത്തി. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയാണ് സഹായം കൈമാറിയ വിവരം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ കിറ്റുകൾ ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി (Iranian Red Crescent Society) ഏറ്റുവാങ്ങിയതായി ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു.

ദുരിതസമയത്ത് തങ്ങളെ സഹായിച്ചതിന് ഇന്ത്യയിലെ ജനങ്ങളോട് ഇറാൻ എംബസി പ്രത്യേക നന്ദി രേഖപ്പെടുത്തി. ഇറാനിലെത്തിയ മെഡിക്കൽ സാമഗ്രികളുടെ ചിത്രങ്ങൾ എംബസി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തെത്തുടർന്ന് ഇറാന്റെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആക്രമണങ്ങളിൽ ഇതുവരെ 1,300-ലധികം പേർ കൊല്ലപ്പെടുകയും 7,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്കുകൾ.

രാജ്യത്തെ നിരവധി ആരോഗ്യകേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായ സാഹചര്യത്തിൽ ഇറാന്റെ ചികിത്സാ സംവിധാനങ്ങൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിലവിലെ അടിയന്തര സാഹചര്യം നേരിടാൻ ഇറാന്റെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) ഡയറക്ടർ ഹനാൻ ബാൽക്കി അറിയിച്ചിട്ടുണ്ടെങ്കിലും, മരുന്നുകളുടെയും ഉപകരണങ്ങളുടെയും ക്ഷാമം പരിഹരിക്കാൻ അന്താരാഷ്ട്ര സഹായം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.