കുട്ടികളുടെ ഓൺലൈൻ സുരക്ഷ: സുപ്രധാന നടപടിയുമായി മെറ്റ
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കണ്ടെത്തിയാൽ ഉചിതമായ നിയമപാലന ഏജൻസികളെ അറിയിക്കാൻ മെറ്റ സമ്മതിച്ചതായാണ് വിവരം. ഓൺലൈനിലെ കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ കർശന നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മെറ്റയുടെ തീരുമാനം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സഹകരണം സ്ഥിരീകരിച്ച് മെറ്റ കേന്ദ്ര ഐടി മന്ത്രാലയത്തിന് കത്ത് നൽകിയതായി മന്ത്രാലയ ഉദ്യോഗസ്ഥനും വ്യക്തമാക്കി.ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഒരു അടിസ്ഥാന തത്വമാണെന്നും, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.